മലപ്പുറത്ത് അഞ്ചാംപനി പടരുന്നു; വിശദ പഠനത്തിന് കേന്ദ്ര സംഘം ഇന്നെത്തും



മലപ്പുറം : മലപ്പുറം ജില്ലയിൽ അഞ്ചാംപനി വ്യാപിക്കുന്നു. പ്രതിരോധത്തിനായി കൂടുതൽ വാക്സീനുകൾ ജില്ലയിൽ എത്തിച്ചിട്ടുണ്ട്. കൂടാതെ രോഗ പകര്‍ച്ചയെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘവും ഇന്ന് ജില്ലയിലെത്തും. തുടര്‍ന്ന് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. അതിനുശേഷമാകും ഏതൊക്കെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കണം എന്നതടക്കമുളള കാര്യങ്ങള്‍ തീരുമാനിക്കുക.

130-പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മലപ്പുറം നഗരസഭ, കല്‍പകഞ്ചേരി, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലുള്ളവർക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. നിലവിൽ ആരെയും ആശുപത്രിയിൽ പ്രവേശി പ്പിക്കേണ്ടി വന്നിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. അഞ്ചാംപനിക്കെതിരെ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

പനിയാണ് രോഗത്തിന്റെ ആദ്യത്തെ ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും.അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകില്‍ നിന്നു തുടങ്ങി മുഖത്തേക്ക് പടര്‍ന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകള്‍ കാണപ്പെടും.അപ്പോഴേക്കും പനി പൂര്‍ണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന, അപ്പെന്റിക്‌സിന്റെ പഴുപ്പ് ഒക്കെയുണ്ടാകാം. വയറിളക്കം കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ നിര്‍ജലീകരണം മൂലം മരണം വരെ സംഭവിക്കാം.